ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് അനുവദിച്ച ഫ്രീ വിസ എൻട്രി (പ്രവേശനം) അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ഇന്ന് ഫ്രീ വിസ പ്രവേശന കാലാവധി അവസാനിക്കാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലൻഡ് ടൂറിസം അതോറിറ്റി ഉത്തരവിറക്കിയത്.
നിലവിലെ നിയമ പ്രകാരം ഇന്ത്യൻ പൗരന് 60 ദിവസം വരെ വിസയില്ലാതെ തായ്‌ലൻഡിൽ കഴിയാം. പ്രാദേശിക ഇമിഗ്രേഷൻ ഓഫിസ് വഴി 30 ദിവസം കൂടി വിസ നീട്ടാൻ സാധിക്കും.
ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടിയ വിവരം ന്യൂഡൽഹിയിലെ റോയൽ തായ്‌ലൻഡ് എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഫ്രീ വിസ സംവിധാനം തായ്‌ലൻഡ് നടപ്പിൽ വരുത്തിയത്.
രാജ്യത്തേക്ക് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി നിരവധി ഇളവുകൾ തായ്‌ലൻഡ് അധികൃതർ പ്രഖ്യാപിക്കാറുണ്ട്.