ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലി അടക്കം രാജ്യത്തെ 18 ഇടങ്ങളില്‍ കൂടി പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഡല്‍ഹിയില്‍ നടന്ന ഊര്‍ജമന്ത്രിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അവതരണം കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നടത്തി.
ആണവ നിലയം സ്ഥാപിക്കാന്‍ ഒരു ഘട്ടത്തില്‍ താല്‍പര്യം അറിയിച്ച കേരളം ഈ പട്ടികയിലില്ല. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനങ്ങളുടെ സഹകരണം കേന്ദ്രം തേടിയിട്ടുണ്ട്. ഗുജറാത്ത് (1), കര്‍ണാടക (3), ഒഡീഷ (4), തമിഴ്‌നാട് (3), ഛത്തീസ്ഗഡ് (4), ആന്ധ്രപ്രദേശ് (3) എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്റുകള്‍ക്കുള്ള സാധ്യത കേന്ദ്രം കാണുന്നത്.
തമിഴ്‌നാട്ടില്‍ അവുദെയപുറം (തിരുനെല്‍വേലി), നരിപ്പയൂര്‍ (രാമനാഥപുരം), മാറക്കാനം (വില്ലുപുരം) എന്നിവിടങ്ങളിലാണ് നിലയം പരിഗണിക്കുന്നത്. 2070 ല്‍ നെറ്റ് സീറോ ബഹിര്‍ഗമനം ലക്ഷ്യമിടുന്ന ഇന്ത്യ ആ സമയം കൊണ്ട് 200 ഗിഗാവാട്ട് ആണവോര്‍ജ ഉല്‍പാദനം ഉറപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വികസിത ഭാരതം സ്വപ്നം കാണുന്ന 2047 ല്‍ ഇതിന്റെ പകുതിയായ 100 ഗിഗാവാട്ടാണ് ലക്ഷ്യം. നിലവില്‍ 8 ഗിഗാവാട്ട് മാത്രമാണ് ഇന്ത്യ ഉല്‍പാദിപ്പിക്കുന്നത്. 7.3 ഗിഗാവാട്ടിന്റെ നിര്‍മാണം നടക്കുകയാണ്. 202930 ല്‍ 15.5 ഗിഗാ വാട്ടാണ് ലക്ഷ്യമിടുന്നത്.