മുംബൈ: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ രണ്ട് മണിക്കൂർ പിന്തുടർന്ന് പിടിച്ചാണ് ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചത്. ഗുജറാത്തിന് സമീപത്തെ ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവമുണ്ടായത്.ഞായറാഴ്ചയായിരുന്നു സംഭവം. സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചാണ് ഏഴ് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ കസ്റ്റഡിയിലെടുക്കുന്നത്.
പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പിഎംഎസ് നുസ്രത്തിൽ കയറ്റി മത്സ്യത്തൊഴിലാളികളുമായി മടങ്ങുകയായിരുന്നു. എന്നാൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ ഐസിജിഎസ് അഗ്രിം രണ്ടു മണിക്കൂറിലധികമാണ് പാക് കപ്പലിനെ പിന്തുടർന്നത്. പാകിസ്ഥാൻ സമുദ്ര അതിർത്തിക്ക് സമീപത്ത് വച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്.ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകാൻ പാകിസ്ഥാൻ കപ്പലിനെ അനുവദിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. തുടർന്ന് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരുടെ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിക്കുകയും ഇത് കടലിൽ മുങ്ങിപ്പോയതായും അധികൃതർ വ്യക്തമാക്കി. തിങ്കളഴ്ച ഓഖ തുറമുഖത്തേക്ക് കോസ്റ്റ് ഗാർഡ് കപ്പൽ തിരികെയെത്തിയ ശേഷം മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറി.