ന്യൂഡെല്‍ഹി: ഇന്ത്യയെ ഏറെ സ്‌നേഹിച്ച ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, സിറ്റി ഓഫ് ജോയ് തുടങ്ങിയ ബെസ്റ്റ് വില്‍പനകളിലൂടെ പ്രശസ്തനായ ലാപിയറെ ഇന്‍ഡ്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
അമേരികന്‍ എഴുത്തുകാരനായ ലാരി കോളിന്‍സുമായി ചേര്‍ന്നാണ് ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ (സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍) ലാപിയര്‍ രചിച്ച ത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളില്‍ ഒന്നാണ്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെയും ഉള്‍ക്കഥകളും വിഭജനവുമൊക്കെ മനോഹരമായാണ് കൃതിയില്‍ വിവരിക്കുന്നത്.
ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് എഴുതിയ ‘ഈസ് പാരിസ് ബേണിംഗ്’ എന്ന കൃതിയും ഏറെ പ്രശസ്തമാണ്. കോളിന്‍സുമായി ചേര്‍ന്ന് അഞ്ചോളം പുസ്തകങ്ങള്‍ ലാപിയര്‍ രചിച്ചിട്ടുണ്ട്.
കൊല്‍കത്തയിലെ തന്റെ ജീവിതം അധികരിച്ച് ലാപിയര്‍ രചിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവല്‍ ഏറെ ജനപ്രീതി നേടിയതാണ്. ഇന്‍ഡ്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, തന്റെ പുസ്തകങ്ങളുടെ പകര്‍പവകാശ തുകയുടെ ഒരു ഭാഗം കൊല്‍കത്തയിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നല്‍കുന്നുണ്ട്.
1984ലെ ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരന്‍ യാവിയര്‍ മോറോയുമായി ചേര്‍ന്ന് എഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇന്‍ ഭോപാല്‍’ എന്ന കൃതിയും ഡൊമിനിക് ലാപിയറുടെ ശ്രദ്ധേയമായ കൃതികളില്‍ പെടുന്നു.