ഹൈദരാബാദ് : ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ ആപ് ഏജന്റുമാർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്. ഒക്ടോബർ 28 നായിരുന്നു ഇയാളുടെ വിവാഹം.
മീൻപിടിത്തമായിരുന്നു നരേന്ദ്രയുടെ ജോലി. കാലാവസ്ഥ മോശമായതിനാൽ കുറച്ചു ദിവസമായി ജോലിക്കു പോയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലം വായ്പ ആപ്പിൽനിന്ന് 2000 രൂപ വായ്പയെടുത്തിരുന്നു. ആഴ്ചകൾക്കുശേഷം, വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ് ഏജന്റുമാർ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇവർ നരേന്ദ്രയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കുകയും ചെയ്തു.
വായ്പ തിരിച്ചടയ്ക്കാമെന്നു ദമ്പതികൾ അറിയിച്ചെങ്കിലും ഭീഷണി തുടർന്നു. മോർഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് പരിചയക്കാരും ബന്ധുക്കളും മറ്റും ചോദിച്ചതോടെ ദമ്പതികൾ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം.