Sunday, December 15, 2024

HomeNewsIndiaകാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി സമ്മാനിച്ചു

കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി സമ്മാനിച്ചു

spot_img
spot_img

ന്യൂ‍ഡൽഹി: റഷ്യയിൽ ജോലിക്കായി പോയി മടങ്ങിവരാൻ സാധിക്കാത്ത തൃശൂർ കൂർക്കഞ്ചേരി സ്വദേശികൾ ജെയിനിന്റെയും ബിനിലിന്റെയും മോചനത്തിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപ്പോവിനോട് അഭ്യർഥിച്ചു.

റഷ്യൻ പ്രസിഡന്റിന്റെ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്’ ബഹുമതി സ്വീകരിച്ചശേഷം നടത്തിയ ചർച്ചയിലാണ് കാതോലിക്കാ ബാവാ വിഷയം ഉന്നയിച്ചത്. കാര്യങ്ങൾ വിശദീകരിച്ച് സ്ഥാനപതിക്ക് കത്തും നൽകി. പ്രശ്നപരിഹാരത്തിന് എത്രയും വേഗം നടപടിയെടുക്കുമെന്ന് സ്ഥാനപതി ഉറപ്പുനൽകി. ഇക്കാര്യം ജെയിനിന്റെയും ബിനിലിന്റെയും കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായി കാതോലിക്കാ ബാവാ പറഞ്ഞു.

റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി ഇരുരാജ്യങ്ങളിലെയും ഓർത്തഡോക്സ് സഭകൾ തമ്മിൽ ദീർഘകാലമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ബഹുമതി സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ കാതോലിക്കാ ബാവാ പറ​​​ഞ്ഞു. സംഘർഷങ്ങളും ഭിന്നതകളും ഭാവിയുടെമേൽ നിഴൽ വീഴ്ത്തുന്ന സാഹചര്യമുണ്ട്. സമാധാനത്തിനും അനുരഞ്ജനത്തിനുമായി സഭകളും സമൂഹം മുഴുവനും തന്നെയും പുനരർപ്പണം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.

റഷ്യൻ സ്ഥാനപതി കാര്യാലയത്തിൽ നടന്ന ചടങ്ങിൽ‍ ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനാധിപനും സിനഡ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ.സജി അമയിൽ തുടങ്ങിയവർ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments