ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ധനമന്ത്രി നിര്‍മല സീതാരാമനും. ബിസിനസ്, എന്റര്‍ടൈയിന്‍മെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവര്‍ത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പട്ടികയില്‍ 28ാം സ്ഥാനത്താണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെട്ടത്. 2019 മുതല്‍ നിര്‍മല ഇന്ത്യയുടെ ധനമന്ത്രി സ്ഥാനം വഹിക്കുകയാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം അവര്‍ വീണ്ടും ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തെ നാല് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതില്‍ നിര്‍മല സീതാരാമന്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ച കൈവരിക്കുന്നതിലും ധനമന്ത്രി മുഖ്യപങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിര്‍മല സീതാരാമന്‍ കഴിഞ്ഞാല്‍ എച്ച്.സി.എല്‍ ടെക്‌നോളജിയുടെ രോഷ്ണി നാടാര്‍ മല്‍ഹോത്രയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ 82ാം സ്ഥാനത്താണ് അവരുള്ളത്. പിതാവ് സ്ഥാപിച്ച 12 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം നയിക്കുന്നതിനാണ് അവര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ഹാബിറ്റാസ് എന്ന പേരില്‍ ട്രസ്റ്റിനും അവര്‍ നേതൃത്വം നല്‍കുന്നുണ്ട്. ജേണലിസത്തിലും എം.ബി.എയിലും അവര്‍ക്ക് ബിരുദമുണ്ട്.
കിരണ്‍ മസുംദാര്‍ ഷായാണ് പട്ടികയില്‍ ഇടംപിടിച്ച മൂന്നാമത്തെ ഇന്ത്യക്കാരി. ബയോകോണ്‍ എന്ന പേരിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സ്ഥാപകാംഗമാണ് അവര്‍. 1978ലാണ് കിരണ്‍ മസൂംദാര്‍ ഷാ കമ്പനി സ്ഥാപിച്ചത്.