ന്യൂഡല്‍ഹി: നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രി കുവൈത്തിലേക്ക്.പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുതല്‍ രണ്ട് ദിവസം കുവൈത്തില്‍ സന്ദര്‍ശനം നടത്തും. 43 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കികുവൈത്ത് അമീര്‍ ഷെ്‌യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. കുവൈത്തില്‍ എത്തുന്ന മോദി ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.
1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. അവിടുത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യന്‍ സമൂഹം. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കുവൈത്ത് അമീര്‍ ഷെ്‌യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ 2017ല്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2013ല്‍ കുവൈത്ത് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയതായിരുന്നു ഇരുഭാഗത്തുനിന്നുമുള്ള അവസാന ഉന്നതതല സന്ദര്‍ശനം. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച്, മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുമായുള്ള കൂടിക്കാഴ്ചയും മോദി നടത്തിയിരുന്നു.