ന്യൂഡല്‍ഹി: വിവാഹ വാണിജ്യ സംരഭമല്ലെന്നും സ്ത്രീയുടെ ക്ഷേമമെന്നാല്‍ ഭീഷണിപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, തട്ടിയെടുക്കുക എന്നല്ല അര്‍ഥമെന്നും സുപ്രീംകോടതി. ജസ്റ്റിസ് ബി.വി നാഗരത്‌ന, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഹിന്ദുമതത്തില്‍ വിവാഹം പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. അതൊരു വാണിജ്യ സംരംഭമല്ലെന്നും കോടതി വ്യക്തമാക്കി.ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, വിവാഹിതയായ സ്ത്രീക്ക് നേരെയുള്ള ക്രൂരത എന്നിവയെല്ലാം വിവാഹതര്‍ക്കങ്ങളില്‍ ഒരു പാക്കേജായി വരാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകള്‍ക്ക് അനുകൂലമായ കര്‍ശന നിയമങ്ങള്‍ അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കര്‍ശന നിയമങ്ങളാണെന്നും അല്ലാതെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനോ ശാസിക്കാനോ പണം തട്ടിയെടുക്കാനോ ഉള്ള മാര്‍ഗങ്ങളല്ലെന്ന് എന്ന വസ്തുത എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഒരു വിവാഹമോചന കേസിലാണ് സുപ്രീംകോടതിയില്‍ നിന്ന് നിര്‍ണായക നിരീക്ഷണമുണ്ടായത്. ക്രിമിനല്‍ നിയമത്തിലെ വ്യവസ്ഥകള്‍ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്. എന്നാല്‍, സ്ത്രീകള്‍ ഒരിക്കലും ഉദ്ദേശിക്കാത്ത ചില കാര്യങ്ങള്‍ക്കായി നിയമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ 12 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയും കേസ് തീര്‍പ്പാക്കുകയും ചെയ്തു.