ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. 1984 ലെ സിഖ് വിരുദ്ധ കലാപം ഓര്‍മ്മിച്ചുകൊണ്ടുള്ളതാണ് ബാഗ്. രക്തം ഒലിച്ചിറങ്ങുന്ന തരത്തില്‍ ചുവന്ന മഷിയിലാണ് ബാഗില്‍ 1984 എന്ന് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ‘പലസ്തീന്‍’, ‘ബംഗ്ലാദേശ്’ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ബിജെപി എംപിയുടെ സമ്മാനം. അതേസമയം കോണ്‍ഗ്രസ് മുന്‍പ് ചെയ്തത് എന്തൊക്കെയാണെന്ന് പുതുതലമുറ ഓര്‍ക്കാന്‍ വേണ്ടിയാണ് താന്‍ പ്രിയങ്കയ്ക്ക് ബാഗ് നല്‍കിയതെന്ന് അപരാജിത പറഞ്ഞു.
”ബഹുമാനപ്പെട്ട എംപിക്ക് ബാഗുകളോട് വലിയ ഇഷ്ടമാണ്. അതിനാലാണ് ഞാന്‍ അവര്‍ക്ക് ബാഗ് തന്നെ സമ്മാനിച്ചത്. ആദ്യം അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് സ്വീകരിച്ചു…” അപരാജിത പറഞ്ഞു. ഭുവനേശ്വറില്‍ നിന്നുള്ള എംപിയാണ് അപരാജിത സാരം?ഗി. പാര്‍ലമെന്റിന്റെ ഇടനാഴികളിലൂടെ പ്രിയങ്ക നടക്കുമ്പോഴാണ് അപരാജിത പിന്നാലെ ചെന്നതും ബാഗ് നീട്ടിയതും. രാഷ്ട്രീയവും നിലപാടുകളും പറയുന്ന ബാഗുകള്‍ പ്രിയങ്കയ്ക്ക് പൊതുവെ ഇഷ്ടമാണല്ലോയെന്നും അപരാജിത പറഞ്ഞു. ശീതകാലസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്ക പലസ്തീനും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കും പിന്തുണ അറിയിച്ചുകൊണ്ട് ബാഗ് കൈയ്യില്‍ കരുതിയത്. ആദ്യ ദിവസം പലസ്തീന്‍ ബാഗുമായിട്ടാണ് പ്രിയങ്ക എത്തിയത്. പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടായിരുന്നു ഇത്.
മാനവികതയോടുള്ള പ്രതിബദ്ധത എന്ന് കോണ്‍ഗ്രസ് പ്രിയങ്കയുടെ നടപടിയെ ആഘോഷിച്ചപ്പോള്‍ രൂക്ഷമായിട്ടാണ് ബിജെപി വിമര്‍ശിച്ചത്. പ്രിയങ്കയുടേത് പ്രീണന രാഷ്ട്രീയമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ വോട്ട് ലഭിക്കാനുള്ള തന്ത്രമാണിതെന്നും നേതാക്കള്‍ പരിഹസിച്ചു. രാജ്യസ്‌നേഹത്തിന്റെ ബാഗ് ചുമക്കാത്തവരാണ് ഗാന്ധികുടുംബം എന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ഇസ്രായേലില്‍ യുപിയില്‍ നിന്നുള്ള യുവാക്കള്‍ ലക്ഷങ്ങളുടെ ശമ്പളത്തില്‍ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തിയത്.
പലസ്തീന് വേണ്ടി സംസാരിക്കുന്ന പ്രിയങ്ക എന്തുകൊണ്ടാണ് ബംഗ്ലേദിലെ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങളില്‍ യാതൊരു പ്രതികരണവും നടത്താത്തത് എന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തി. ഇതിന് തൊട്ടടുത്ത ദിവസം ബംഗ്ലാദേശിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള ബാഗുമായി അവര്‍ പാര്‍ലമെന്റില്‍ എത്തി. ‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം’ എന്നെഴുതിയ ബാഗാണ് പ്രിയങ്ക കൈയ്യില്‍ കരുതിയത്. ഇതും നേതാക്കള്‍ക്ക് ദഹിച്ചിരുന്നില്ല. പ്രിയങ്കയുടെ ബാഗ് രാഷ്ട്രീയം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടുവെന്നാണ് ബിജെപി എംപിയുടെ സമ്മാനത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.