ഹൈദരാബാദ്: തെലങ്കാന പോലീസ് അനുമതി നിഷേധിച്ചിട്ടും നടന്‍ അല്ലു അര്‍ജുന്‍ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയില്‍ പറഞ്ഞതാണ് ശരിയെന്ന് സ്ഥാപിക്കുന്ന സിസി.ടി ദൃശ്യങ്ങള്‍ പുറത്ത്. അനുമതി നിഷേധിച്ചിട്ടും എത്തിയ നടന്‍ അല്ലു അര്‍ജുന്‍ തിയറ്റര്‍ വിട്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചെന്നും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് താക്കീത് നല്‍കിയപ്പോഴാണ് താരം പോയതെന്നുമായിരുന്നു നിയമസഭയില്‍ രേവന്ത് റെഡ്ഡി പറയുന്നത്.
നിയമസഭയിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്ന അല്ലു അര്‍ജുന്‍ പോലീസ് അനുമതിയോടെയാണ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലെത്തിയതെന്നാണ് അവകാശപ്പെടുന്നത്. പ്രകടനമോ ജാഥയോ നടത്തിയിട്ടില്ലെന്നു, തന്നെ സ്വഭാവഹത്യ ചെയ്യാനാണ് ശ്രമമെന്നാണ് അല്ലു പ്രതികരിക്കുന്നത്.
തിയേറ്ററിലേക്ക് എത്തരുതെന്ന് പോലീസ് അല്ലുവിന് നിര്‍ദേശം നല്‍കിയെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അല്ലുവിനെ ഈ മറുപടി. അല്ലുവിന്റെ അവകാശവാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഈ മാസം നാലിന് രേവതി (39) മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യക്കേസിലെ നടപടിയില്‍ മണിക്കൂറുകള്‍ക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നു.
തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ തെലങ്കാന പോലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് താരം പുറത്തിറങ്ങിയത്.
ഇതിനിടെ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എന്ന് അവകാശപ്പെട്ട് എത്തിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടത്. വീടിന് നേരെ കല്ലെറിയുകയും തക്കാളി എറിയുകയും ചെയ്ത ഇവര്‍ മതില്‍ ചാടി കോംബൗണ്ടിന് അകത്തേക്ക് കടന്നിരുന്നു. സംഭവത്തില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം.
സന്ധ്യ തിയറ്ററില്‍ ഡിസംബര്‍ നാലിനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം അല്ലു അര്‍ജുന്‍ ഏറ്റെടുക്കണമെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. ഇവരുടെ കൈവശം പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു എന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഒസ്മാനിയ സര്‍വകലാശാലയുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി (ജെഎസി) അംഗങ്ങളെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
പുറത്തുവന്ന വീഡിയോയില്‍ നിരവധി പേര്‍ നടന്റെ വീടിനുള്ളിലേക്ക് ഇരച്ചുകയറി നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവം നടക്കുമ്പോള്‍ അല്ലു അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയും ചെടിച്ചെട്ടികള്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.