ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രീമിയര്‍ ഷോയോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ ഉണ്ടായ തിക്കിലും തിരക്കിലും ഒരു അമ്മയ്ക്കും മകനും ജീവന്‍ നഷ്ടപ്പെട്ട കേസില്‍, അല്ലു അര്‍ജുന്റെ വാദങ്ങള്‍ പൊളിക്കുകയാണ് പൊലീസ്. സ്പെഷ്യല്‍ ഷോ കാണാന്‍ അല്ലു തിയേറ്ററില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു ആള്‍ക്കൂട്ടം തിരക്കുണ്ടാക്കിയത്. അതില്‍പ്പെട്ട് രേവതി എന്ന സ്ത്രീക്ക് ജീവന്‍ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ അവരുടെ ഒമ്പതുകാരന്‍ മകനും ചികിത്സയ്ക്കിടയില്‍ മരണത്തിന് കീഴടങ്ങി. ഈ കേസില്‍ അല്ലുവിനെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. ഒരു രാത്രി ജയിലില്‍ കിടക്കേണ്ടിയും വന്നു.
ജാമ്യത്തില്‍ പുറത്തു വന്നശേഷം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍, പുറത്തെ സംഭവം അറിഞ്ഞപ്പോള്‍ തന്നെ തിയേറ്ററില്‍ നിന്നും പോയിരുന്നുവെന്നാണ് താരം പറഞ്ഞത്. എന്നാല്‍ തെലങ്കാന പൊലീസ് പറയുന്നത്, അല്ലു പറഞ്ഞത് നുണയാണെന്നാണ്. തങ്ങള്‍ അപേക്ഷിച്ചിട്ടും തിയേറ്റര്‍ വിട്ടു പോകാന്‍ നടന്‍ തയ്യാറായില്ലെന്നാണ് തെളിവ് സഹിതം പൊലീസ് പറയുന്നത്. ഞായറാഴ്ച്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പൊലീസ് പുറത്തു വിട്ട വീഡിയോ ക്ലിപ്പ് പ്രകാരം സംഭവ ദിവസം അര്‍ദ്ധരാത്രിയോടടുത്ത് അല്ലു സന്ധ്യ തിയേറ്ററില്‍ തന്നെയുണ്ടായിരുന്നു. പൊലീസിന്റെ അപേക്ഷ അവഗണിച്ചാണ് താരം തിയേറ്ററില്‍ നിന്നതെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ സി വി ആനന്ദ്, തന്റെ വര്‍ഷാന്ത്യ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളും അതിനുശേഷമുള്ള സാഹചര്യവുമൊക്കെ വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങളാണ് കമ്മിഷണര്‍ പുറത്തു വിട്ടത്.
നടനെ സാഹചര്യങ്ങള്‍ മനസിലാക്കി കൊടുക്കാന്‍ ശ്രമിച്ച തങ്ങളെ സന്ധ്യ തിയേറ്റര്‍ മനേജര്‍ തടയുകയും അല്ലുവിന്റെ സമീപത്തേക്ക് പോകാന്‍ അനുവദിച്ചില്ലെന്നുമാണ് ചിക്കടപള്ളി സോണ്‍ എസിപി രമേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസിന് പറയാനുള്ള കാര്യം താന്‍ അല്ലുവിനെ അറിയിച്ചോളാമെന്നാണ് മാനേജര്‍ പറഞ്ഞത്. പുറത്തെ സാഹചര്യം വഷളായിട്ടും അവിടെ നിന്നു പോകാന്‍ അല്ലു തയ്യാറായില്ല.
പിന്നീട്, പൊലീസ് അദ്ദേഹത്തിന്റെ മാനേജരെ കണ്ട് സംസാരിച്ചു. ഒരു സ്ത്രീ മരിച്ചുവെന്നും, അവരുടെ മകന് മസ്തികക്ഷതം ഏറ്റിട്ടുണ്ടെന്നും മാനേജറെ അറിയിച്ചിട്ടും, അയാളും പൊലീസിന്റെ അഭ്യര്‍ത്ഥന അവഗണിക്കുകയായിരുന്നു. ഒടുവില്‍ അല്ലുവിന്റെ അടുക്കലേക്ക് പൊലീസിന് എത്താന്‍ പറ്റി. താരത്തിനോടും കാര്യങ്ങളെല്ലാം വിശദീകരിച്ചു, ഒരു സ്ത്രീ മരിച്ചതും അവരുടെ മകന്റെ അവസ്ഥയും പുറത്തെ ബഹളവുമൊക്കെ പറഞ്ഞു. പടം കണ്ടിട്ടേ പോകുന്നുള്ളൂവെന്നായിരുന്നു അല്ലുവിന്റം മറുപടി. അദ്ദേഹം തിയേറ്റര്‍ വിട്ടു പോകാന്‍ തയ്യാറായില്ല എന്നുമാണ്, എസിപി രമേഷ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടി, തിയേറ്റര്‍ പരിസരം വിട്ടു പോകണമെന്ന പൊലീസിന്റെ അഭ്യര്‍ത്ഥന നടന്‍ ചെവിക്കൊണ്ടില്ല. എന്താണ് അവിടെ സംഭവിച്ചതെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമല്ലേ? മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും നടന്റെ സമീപത്തേക്ക് എത്താന്‍ സാധിച്ചില്ല, ആരുടെയും അഭ്യര്‍ത്ഥന താരം അംഗീകരിച്ചുമില്ല” കമ്മിഷണര്‍ ആനന്ദ് പറയുന്നു.
അല്ലുവിന്റെ സ്വകാര്യ സുരക്ഷ ജീവനക്കാര്‍ക്കെതിരേയും പൊലീസിന്റെ വിമര്‍ശനമുണ്ട്. പൊലിസ് ഉദ്യോഗസ്ഥരെയടക്കം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് താരത്തിന്റെ സുരക്ഷ ജീവനക്കാര്‍ക്കെതിരേ പൊലീസിന്റെ പരാതി. സെലിബ്രിറ്റികള്‍ വാടകയ്ക്കെടുക്കുന്ന ബൗണ്‍സര്‍മാര്‍ അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദികളായിരിക്കും. പൊതുജനത്തിനോ, പൊലീസിനെതിരേയോ കൈയൂക്ക് കാണിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നടപടി നേരിടേണ്ടി വരും.
ബൗണ്‍സര്‍മാര്‍ക്കും അവരെ നിയോഗിക്കുന്ന ഏജന്‍സികള്‍ക്കുമുള്ള മുന്നറിയിപ്പാണിത്. സന്ധ്യ തിയേറ്ററിനു മുന്നില്‍ ബൗണ്‍സര്‍മാര്‍ സാധാരണക്കാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോടും എങ്ങനെയാണ് പെരുമാറിയതെന്ന് ഞങ്ങള്‍ കണ്ടു. ബൗണ്‍സര്‍മാരെ വാടകയ്ക്കെടുക്കുന്ന സെലിബ്രിറ്റികളും അവരുടെ പ്രവര്‍ത്തികള്‍ത്ത് ഉത്തരവാദിത്തം പറയേണ്ടി വരും’ ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍.
ജനത്തിന്റെ സുരക്ഷയും അവരുടെ ജീവനും തന്നെയാണ് ഏത് സിനിമ പ്രമോഷനെക്കാളും വലുതെന്നാണ് കരിം നഗറില്‍ മറ്റൊരു വേദിയില്‍ വച്ച് സംസാരിക്കവെ തെലങ്കാന ഡിജിപി ഡോ. ജിതേന്ദര്‍ അറിയിച്ചിരിക്കുന്നത്. അവരുടെ പ്രൊഫഷനോ സമൂഹത്തിലെ സ്ഥാനമോ പ്രശ്നമല്ല, അതിപ്പോള്‍ സിനിമയിലെ നായകനായാലും മറ്റേതൊരു പ്രധാന വ്യക്തിയായാലും, അവര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ജനങ്ങളുടെ സുരക്ഷയും ജീവനുമാണ് ഏറ്റവും പ്രധാനം. പൊതു സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ആര്‍ക്കും എതിരാണെന്നുമല്ല” ഡിജിപി ഓര്‍മിപ്പിക്കുന്നു.
അതേസമയം, ഞായറാഴ്ച്ച അല്ലുവിന്റെ വസതിക്കു മുന്നില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. വീട്ടിലേക്ക് തക്കാളിയേറ് നടത്തി. വീട്ടിലെ ചെടിച്ചട്ടികള്‍ തകര്‍ന്നുവെന്നും പറയുന്നു. ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു പ്രതിഷേധക്കാര്‍ എന്ന് റിപ്പോര്‍ട്ടുണ്ട്. താരത്തിനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരുടെ ആവശ്യം ജീവന്‍ നഷ്ടപ്പെട്ട സ്ത്രീക്കും കുട്ടിക്കും നീതി ലഭിക്കണമെന്നതായിരുന്നു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് സ്ഥലത്ത് നിന്നും നീക്കി.