തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. ഐജി സ്പർജൻകുമാറാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ.
ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. സംസ്ഥാനത്ത് രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി.
ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്.
കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ.വി.ജോർജ്ജ് കമ്മീഷണറായി തുടരും. കെ.സേതുരാമനെ പോലീസ് അക്കാദമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിലാണ് നിയമനം.