ആലപ്പുഴ: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ മുടങ്ങിയ നെഹ്റുട്രോഫി ജലോത്സവം ഇക്കുറിയും മുടങ്ങിയേക്കുമെന്ന് സൂചന.
ഡിസംബറില്‍ നെഹ്റു ട്രോഫി ജലോത്സവം നടത്തുന്നത് പരിഗണിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജലോത്സവം നടത്തുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അനുകൂലിക്കില്ല. ഇതോടെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നെഹ്റുട്രോഫി ജലോത്സവം മുടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.
അതിനിടെ ചാമ്ബ്യന്‍സ് ബോട്ട് ലീഗിെന്റ രണ്ടാം സീസണ് തുടക്കം കുറിച്ച് 2022 ഓഗസ്റ്റില്‍ നെഹ്റു ട്രോഫി ജലോത്സവം നടത്തുന്നതിന് നീക്കം ടൂറിസം വകുപ്പ് തുടങ്ങി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നെഹ്റു ട്രോഫി ജലോത്സവം ഡിസംബറില്‍ നടത്തുന്നത് പരിഗണിക്കുമെന്ന് മൂന്നുമാസം മുമ്ബ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്കി. സാഹചര്യങ്ങള്‍ അനുകൂലമാണെന്നും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജലോത്സവം ഡിസംബര്‍ ആദ്യവാരം നടത്താന്‍ കഴിയുമെന്നുമായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്. ടൂറിസം വകുപ്പിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും പരിശോധനക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
കോവിഡ് സംബന്ധിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഒമിക്രോണ്‍ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലാണ് ദുരന്തനിവാരണ അതോറിറ്റി ജലോത്സവത്തിന് പച്ചക്കൊടി കാണിക്കാത്തതെന്നാണ് സൂചന.
മത്സരാര്‍ഥികള്‍ മാത്രം രണ്ടായിരത്തിലധികം പേര് പങ്കെടുക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു.
2018ല്‍ പ്രളയത്തെത്തുടര്‍ന്ന് ജലോത്സവം മുടങ്ങാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും മൂന്നുമാസത്തിനുശേഷം നവംബറില്‍ നടത്തി. 2019ലും സമാന സാഹചര്യമായിരുന്നെങ്കിലും ആഗസ്റ്റ് അവസാനവാരം ചാംപ്യന്‍സ് ബോട്ട് ലീഗിന് തുടക്കംകുറിച്ച് നെഹ്റു ട്രോഫി ജലോത്സവം സംഘടിപ്പിച്ചു. 2020ലാണ് സമീപകാലത്ത് ആദ്യമായി നെഹ്റുട്രോഫി ജലോത്സവം മുടങ്ങിയത്.