നടിയെ ആക്രമിച്ച്ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് പുറത്ത്.
ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പാണ് മാധ്യമങ്ങള്‍ക്ക് ലഭ്യമായിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കേസിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം വ്യക്തമാക്കുന്ന എഫ്.ഐ.ആര്‍ ആണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കേസിലെ ഒന്നാംപ്രതി ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതിയിലാണ് കുറ്റപത്രം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഐ.ജി എ.വി ജോര്‍ജിന്റെ വീഡിയോ യൂട്യൂബില്‍ നിശ്ചലമാക്കിയ ശേഷം ദൃശ്യങ്ങള്‍ നോക്കി നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. സോജന്‍, സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ എന്ന രീതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. തന്റെ ദേഹത്ത് കൈവച്ച എസ്.പി കെ. സുദര്‍ശന്റെ കൈവട്ടണമെന്നും ദിലീപ് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.