കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെ വെറുതെ വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. നസീറിനൊപ്പം കേസിലെ നാലാം പ്രതിയായ ഷഫാസിനെയും വെറുതെ വിട്ടിട്ടുണ്ട്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ അപ്പീല്‍ തള്ളിയാണ് ഇരുവരെയും കോടതി വെറുതെ വിട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ എന്‍.ഐ.എ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയേക്കുമെന്നാണ് സൂചനകള്‍.
തടിയന്റവിട നസീറിന് ട്രിപ്പിള്‍ ജീവപര്യന്തവും ഷഫാസിന് ഇരട്ടജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസിലെ വിചാരണ പൂര്‍ത്തിയായ ശേഷം അബ്ദുല്‍ ഹാലിം, അബൂബക്കര്‍ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എന്‍.ഐ.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയിരുന്നു.
വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം.
2006 മാര്‍ച്ച് 3നായിരുന്നു കോഴിക്കോട്ട് സ്‌ഫോടനമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും, 15 മിനിറ്റുകള്‍ക്ക് ശേഷം കോഴിക്കാട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലൂമായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഈ കേസില്‍ തടിയന്റവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.