മലയാളഭൂമി ശശിധരൻനായർ
മൂന്നാർ: ഇടുക്കി പീരുമേട്, മൂന്നാർ, ദേവികുളം എന്നിവിടങ്ങളിലെല്ലാം ശൈത്യകാലത്ത് താപനില വളരെ കുറയാറുണ്ട്. എന്നാൽ ഇന്നലെയും ഇന്നുമായി മൈനസ് 2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് മൂന്നാറിൽ അനുഭവപ്പെട്ടത്. കണ്ണൻദേവൻ ചെണ്ടുവര എസ്റ്റേറ്റിലാണ് ഈ താപനില രേഖപ്പെടുത്തിയത്.
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലും മൈനസ് 2 ഡിഗ്രി താപനില മൂന്നാറിൽ അനുഭവപ്പെട്ടിരുന്നു. ചെണ്ടുവരയിൽ ഇന്നലെയും ഇന്ന് പുലർച്ചക്കും മഞ്ഞുവീഴ്ചയുണ്ടായി.
ഫാക്ടറി ഡിവിഷനിലെ ഏക്കറുകളോളം പരന്നു കിടക്കുന്ന പുൽമേട്ടിലാണ് മഞ്ഞുവീഴ്ചയുണ്ടായത്.മൂന്നാർ ടൗൺ, നല്ല തണ്ണി എന്നിവിടങ്ങളിൽ ഇന്നലെ താപനില മൈനസ് രണ്ടു ഡിഗ്രിയായിരുന്നു.
ദേവികുളത്ത് പൂജ്യം ഡിഗ്രി താപനിലയാണ് അനുഭവപ്പെട്ടത്. ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളിൽ ഇന്നലെ ഒരു ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
തേയിലചെടികളും ഇലകളും മഞ്ഞിൽ പുതഞ്ഞ് വെളുത്ത നിറത്തിലും വെളുത്ത മഞ്ഞിൻപുക മൂടിയും കാണുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലേക്ക് കുറഞ്ഞ ഈ താപനില കൂടുതൽ ആളുകളെ ആകർഷിക്കുമെന്നാണ് കേരള ടൂറിസ്റ്റ് ഡെവലപ്പ്മെന്റ് കോർപറേഷൻ വക്താവ് പറയുന്നത്. കച്ചവടക്കാരും ഹോട്ടലുടമകളും ആ പ്രതീക്ഷ പുലർത്തുന്നുണ്ട്.