കൊച്ചി: പറവൂരില്‍ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കുഴിമന്തി കഴിച്ച ശേഷമാണ് മൂന്നുപേര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. 22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ചികിത്സയിലുള്ളത്.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം തൃശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.