കൊച്ചി: എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
എസ്.എന്‍. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി.
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്.
മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.
എസ്.എന്‍. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാല്‍ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം.
ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവില്‍ പറയുന്നത്. കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങളുണ്ടാവില്ല.
ഇതേ സമയം എസ്.എന്‍. ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . വിധി തന്നെ മാത്രം ബാധിക്കുന്നതല്ല. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അതില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുകയോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ മാത്രമേ മാറി നില്‍ക്കേണ്ടതുള്ളൂ. അതിനാല്‍ താന്‍ മാറി നല്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.