കൊച്ചി: പാലക്കാട്ടെ വാളയാറിൽ ക്രൂര പീഡനത്തിനിരയായി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം. ഇവർക്കെതിരെ ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. എറണാകുളം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
സി.ബി.ഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് ഇവരെ പ്രതി ചേർത്തത്. ബലാത്സംഗം അറിഞ്ഞിട്ടും മാതാപിതാക്കൾ മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിശദമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ വിചിത്രമായ കുറ്റപത്രമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.അനീതിയുടെ കുറ്റപത്രമാണ് സമർപ്പിച്ചതെന്നും യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും സമരസമിതി നേതാവ് വേണുഗോപാൽ പറഞ്ഞു.
രണ്ടു പെൺകുട്ടികളും പീഡനത്തിന് ഇരയായ വിവരം ഇരുവർക്കും അറിയാമായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നു. നേരത്തേ സാക്ഷികളായിരുന്ന മാതാപിതാക്കളെ ബലാത്സംഗ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതികളാക്കിയത്.