കോഴിക്കോട്: ക്രിസ്മസ് ദിനത്തിൽ പാണക്കാട് തങ്ങൾ കേക്ക് മുറിച്ചതിൽ വിമർശനവുമായി കാന്തപുരം വിഭാഗവും. ഇസ്ലാമികമായി മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും അപകടം ചെയ്യുമെന്നും എ.പി. സമസ്ത മുശാവറ അംഗം അബ്ദുള്‍ ജലീല്‍ സഖാഫി പറഞ്ഞു. സംഭവത്തിൽ സമസ്ത ഇ.കെ. സുന്നി വിഭാഗത്തിലെ ലീഗ് വിരുദ്ധരും വിമർശനം ഉന്നയിച്ചിരുന്നു.
മറ്റു മതസ്ഥരോട് മതസൗഹാർദ്ദത്തിന്റെ ഭാഗമായി മനുഷ്യരെന്ന നിലയ്ക്ക് ഇടപെടാം. സൗജന്യങ്ങളും സഹായങ്ങളും സഹകരണവും ആവാം. അവർക്ക് ഭക്ഷണം നൽകാം, വസ്ത്രം നൽകാം, രോഗ ചികിത്സയ്ക്കായി സഹായിക്കാം.. ഇടപാടിൽ സഹകരിക്കാം. വ്യക്തിപരമായ വേദികളിൽ പങ്കെടുക്കാം. അതേസമയം നൂറു ഇസ്ലാമിക വിരുദ്ധമായ മറ്റു മതക്കാരുടെ മതപരമായ ആചാര ആഘോഷ അനുഷ്ഠാനങ്ങളും അവരുടെ ആരാധനാലയങ്ങളുടെ നിർമാണത്തിനും ദൈവികമായ പ്രതിഷ്ഠകളിലും ഖാസിമാരും മുസ്ലിം പണ്ഡിതരും പങ്കെടുക്കുന്നത് ശരിയല്ല എന്നായിരുന്നു അബ്ദുൽ ജലീൽ സഖാഫിയുടെ വാക്കുകൾ.
എസ്.കെ.എസ്.എസ്.എഫ്. നേതാവ് ഹമീദ് ഫൈസി അമ്പലക്കടവു കഴിഞ്ഞ ദിവസം വിമർശനവുമായി എത്തിയിരുന്നു. മറ്റു സമുദായക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റാണെന്നായിരുന്നു അഭിപ്രായം.
അതേസമയം ഹമീദ് ഫൈസിയുടെ വിമർശനത്തിന് പിന്നാലെ സാദിഖലി തങ്ങൾക്ക് പിന്തുണയുമായി എസ്എസ്എഫ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും രംഗത്തെത്തിയിരുന്നു. കേക്ക് ആചാരത്തിന്റെ ഭാഗമായി കഴിച്ചാൽ തെറ്റാണെന്നും സൗഹൃദപരമായി കഴിച്ചാൽ കുഴപ്പമില്ലെന്ന് ആയിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിശദീകരണം. അതേസമയം നിരന്തരമായി ഉള്ള ഇത്തരം ആരോപണത്തിന്റെ ലക്ഷ്യം വേറെ ആണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.