കൽപറ്റ∙ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും 15 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേസ് ഡയറി പരിശോധിച്ചതിനുശേഷം മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ വിധി പറയാം എന്നാണ് കോടതി പറഞ്ഞത്. അതുവരെ ഇരുവരുടെയും അറസ്റ്റും തടഞ്ഞു.
കോടതി നിർദേശപ്രകാരം പൊലീസ് കേസ് ഡയറി സമർപ്പിച്ചു. ആയിരത്തിലേറെ പേജുകളുള്ള കേസ് ഡയറിയാണ് സമർപ്പിച്ചത്. അമ്പതിലേറെ ആളുകളുടെ മൊഴിയെടുത്തു. ഇരുവർക്കും ജാമ്യം നൽകരുതെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ബുധനാഴ്ച വരെ ഐ.സി.ബാലകൃഷ്ണനേയും എൻ.ഡി.അപ്പച്ചനേയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചെങ്കിലും ഇരുവരും അജ്ഞാത കേന്ദ്രത്തിലാണ്.
ഇതിനിടെ രണ്ട് തവണ ഐ.സി.ബാലകൃഷ്ണൻ വിഡിയോ സന്ദേശം നൽകി. കർണാടകയിൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു എത്തിയതാണെന്നാണു വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.