ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ സർചാർജ് നടപടിക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന് പണം നഷ്ടപ്പെടാൻ ഇടയായതിൽ ഓരോ ബാങ്ക് ജീവനക്കാരനും വഹിച്ച പങ്ക് കണ്ടെത്തുന്ന നടപടിയാണ് സർചാർജ്.
ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടം ഈടാക്കാനായി ഇവരുടെ ആസ്തി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. തട്ടിപ്പിനെക്കുറിച്ച് ഇരിട്ടി അസി. രജിസ്ട്രാർ (ജനറൽ) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർചാർജ് നടപടിക്ക് ജോ. രജിസ്ട്രാർ ഉത്തരവിട്ടത്.
സഹകരണസംഘം ഇരിട്ടി ഓഫീസിലെ അസി. രജിസ്ട്രാർ ടി.വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘമാണ് അന്വേഷിക്കുന്നത്. ഫെബ്രുവരി 28-നകം റിപ്പോർട്ട് നൽകണം. അധികാര ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയതിനെത്തുടർന്ന് മാസങ്ങൾക്ക് മുൻപ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
അസി. രജിസ്ട്രാറുടെ അന്വേഷണത്തിൽ സംഘത്തിന്റെ ഫണ്ടിൽ നിന്ന് 14.61 കോടി രൂപ അപഹരിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കാര്യക്ഷമതയില്ലാത്തതും അച്ചടക്കരഹിതവുമായ ഫണ്ട് വിനിയോഗം, ഭരണസമിതിയുടെ കെടുകാര്യസ്ഥത, ജീവനക്കാരും വിരമിച്ചവരും നടത്തിയ ക്രമക്കേടുകൾ, ജീവനക്കാരുടെ കൃത്യവിലോപം എന്നിവ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.