ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെ കുഴക്കി ഫേസ്ബുക്കില്‍ ഫണ്ട് വിവാദം. ആലപ്പുഴ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജില്‍ സാരമായി പരിക്കേറ്റ ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന് പാര്‍ട്ടി എട്ടു ലക്ഷം രൂപ നല്‍കിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റും അതിന് താഴെ മേഘ എഴുതിയ കുറിപ്പുമാണ് വിവാദമായത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയായിരുന്നു പൊലീസ് അതിക്രമം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേഘയുടെ അശുപത്രി ചെലവിനു പുറമെ ഏകദേശം എട്ട് ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി എന്നായിരുന്നു പോസ്റ്റില്‍ അരിതാ ബാബു അവകാശപ്പെട്ടത്. എന്നാല്‍ ഈ തുക തനിക്ക് കിട്ടിയിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമന്റിട്ടു. ഇതോടെയാണ് വിവാദമായത്.
‘ഈ പറഞ്ഞ തുക എനിക്ക് കൈ മാറാതെ ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ പേരില്‍ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്’ -എന്നായിരുന്നു മേഘയുടെ കമന്റ്. ഇതിന് താ?ഴെ വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതിന്റെ കണക്ക് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.