തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കേസ് ചാര്‍ജ് ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററായ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ അറിയുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അരുണ്‍കുമാറാണ് ഒന്നാം പ്രതി. വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. പോക്സോയിലെ 11, 12 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേരളാ സ്‌കൂള്‍ കലോത്സവത്തില്‍ നടന്ന ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ ജേര്‍ണലിസ്റ്റ് നടത്തിയ സംഭാഷണത്തിലാണ് ദ്വയാര്‍ഥ പ്രയോഗം. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയും ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജീല്ലാ പോലിസ് മേധാവിയില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. നേരത്തെ ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ നേരത്തെ പറഞ്ഞിരുന്നു.
മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. ഇത് സംപ്രേഷണം ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.