കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് കൊച്ചി പൊലീസ്. നടിയുടെ നിലവിലെ പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോടതി വഴി പരാതി നല്‍കണമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.
രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ തുടര്‍ച്ചയായി അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്റെ ആവശ്യം. രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
അതിനിടെ, അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന പൊലിസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിജീവിതകളെ രാഹുല്‍ ഈശ്വര്‍ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍, ദിശ എന്ന സംഘടനയുടെ പരാതിയിലാണ് കേസ് എടുത്തത്. അതിജീവിതകളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷന്‍ ഷാജര്‍ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.