സജി പുല്ലാട്
കൊല്ലം: പെരിങ്ങാലം ധ്യാന തീരത്തെ ദ്വീപ് നിവാസികളുടെ വികസനം ലക്ഷ്യമാക്കി ‘സമഗ്ര’ എന്ന പേരിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ നോർത്ത് അമേരിക്കൻ ഭദ്രാസനാ ധിപനായിരുന്ന, ഇപ്പോൾ തിരുവനന്തപുരം-കൊല്ലം ഭദ്രാസന ബിഷപ്പും ആയ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു.
റോഡ് മാർഗ്ഗം ബന്ധമില്ലാത്ത ഈ പ്രദേശത്ത് വികസന കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ദ്വീപിന് മിഷൻ സമഗ്ര പുത്തൻ ഉണർവേകും. നന്മ നിറഞ്ഞ സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയും,സഹകരണവും, പ്രാർത്ഥനയുമാണ് പദ്ധതിക്ക് സഹായകമാകുന്നത്.കാലാവസ്ഥാ വ്യതിയാനവും, വേലിയേറ്റ പ്രയാസങ്ങളും മൂലം ജീവിതമാർഗം വഴിമുട്ടി നിൽക്കുന്ന തുരുത്തിലെ നിവാസികൾക്ക് മിഷൻ സമഗ്ര ഒരു കൈത്താങ്ങായിരിക്കും.
ധ്യാനതീരത്തിന്റെ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം നിലവിലെ കെട്ടിടം ഉൾപ്പെടെ 15 ഓളം മുറികൾ കായൽ തീരത്തായി ഒരുങ്ങുകയാണ്.
കായൽ ഭംഗി ആസ്വദിച്ച് താമസിക്കുവാൻ കഴിയുന്ന കോട്ടേജുകൾ, ഫ്ലോട്ടിങ് കോട്ടേജുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
ആധുനിക സംവിധാനങ്ങളോടു കൂടിയ കിച്ചൻ, ഡൈനിങ് ഹാൾ, ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി ചാപ്പൽ, റിക്രിയേഷൻ ആക്ടിവിറ്റീസിനായി പ്രത്യേകം ഇൻഡോർ,ഔട്ട്ഡോർ സംവിധാനത്തോടൊപ്പം ബോട്ടിംഗ്, കണ്ടൽക്കാടുകൾക്കിടയിൽ ഇറങ്ങി നടക്കുവാൻ കഴിയുന്ന പ്രത്യേക ഇടങ്ങൾ,തുടങ്ങി നിരവധി ആകർഷണീയങ്ങളായ കാഴ്ചകളും, അനുഭവങ്ങളുമായിരിക്കും ധ്യാനതീരം സന്ദർശകരെ കാത്തിരിക്കുന്നത്.
മാർത്തോമാ സഭയുടെ തിരു- കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള മാർത്തോമ്മാ ധ്യാനതീരത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പദ്ധതികൾക്ക് സഭാ വ്യത്യാസം കൂടാതെ ഏവരുടെയും പിന്തുണയും, പ്രാർത്ഥനയും ഉണ്ടായിരിക്കണമെന്ന് ധ്യാനതീരം ഡയറക്ടർ റവ.ജോയ്സ് ജോർജ് അറിയിച്ചു.