ഏകോപിക്കുന്നത് കേരള മീഡിയ അക്കാദമി
കൊച്ചി : ലോകമെമ്പാടുമുള്ള മലയാളി മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഡയരക്ടറിയാണ്, കേരള മീഡിയ അക്കാദമി തയ്യാറാക്കുന്നത് .
അതിൽ നോർത്ത് അമേരിക്കയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ വിവരണ ശേഖരണത്തിന് ഇന്ത്യ പ്രസ്സ് ക്ലബ്ബിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ മീഡിയ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യ പ്രസ്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് നാഷണൽ ജോയിന്റ് സെക്രട്ടറി ആശ മാത്യു പ്രസ്സ് ക്ലബ്ബിന്റെ സഹായവും സഹകരണവും വാഗ്ദാനം ചെയ്തു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങിൽ, പ്രശസ്ത സംവിധായകൻ സിബി മലയിൽ, മീഡിയ അക്കാദമി പുതുതായി ആരംഭിക്കുന്ന ഫിലിം വീഡിയോ കോഴ്സിന്റെ ഉത്ഘാടനം നിർവഹിച്ചു, യുവ സംവിധായകൻ ഫാസിൽ മുഹമ്മദ് ഓഡിയോ കോഴ്സ് ഉത്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകനും പ്രസ്സ് ക്ലബ്ബിന്റെ ഇന്ത്യ റീജിയണൽ കോഡിനേറ്റാറുമായ പ്രതാപ്, അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ സി എൽ തോമസ്, സെക്രട്ടറി അനിൽ ഭാസ്കർ, വിനീത, ബിജു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.