കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ് മാർച്ച് 25ന് സ്ഥാനമേക്കും. കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25ന് ലെബനോനിലെ പാത്രിയാർക്കാ അരമനയിൽ നടക്കും.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് ശുശ്രൂഷകൾ. വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ ദിവസമായ 25ന് കുർബ്ബാന മധ്യേയാണ് ചടങ്ങുകൾ.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ സംബന്ധിക്കും. 26ന് പാത്രിയാർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേരും. സഭയുടെ കാതോലിക്ക ബാവയായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തെ തുടർന്ന് നിലവിൽ സഭയുടെ പ്രധാന ചുമതലകൾ വഹിക്കുന്നത് മോർ ഗ്രിഗോറിയോസാണ്.