തിരുവനന്തപുരം: ഗാന്ധിജിയുടെ അഹിംസയുടെയും മദ്യവര്‍ജനത്തിന്റെയും മഹത്തായ ആശങ്ങള്‍ കശാപ്പുചെയ്യപ്പെടുന്ന കരാളകാലത്തിലാണ് നാം ജീവിക്കുന്നതെന്നും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി.
തിരുവനന്തപുരം പെരുന്താന്നിയില്‍ മഹാത്മഗാന്ധി കുടുംബസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പെന്ഷന് ജനങ്ങള്‍ക്ക് എല്ലാ മാസവും അവകാശപ്പെട്ടതാണെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ദാനംപോലെ അതു നല്‍കുന്നത്. അരിയും പലവ്യഞ്ജനവും മണ്ണെണ്ണയും നല്കാന് സര്‍ക്കാരിനു കഴിയുന്നില്ലെങ്കിലും മദ്യം ഇഷ്ടംപോലെ നല്കുന്നു. ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ നടക്കുന്നു. മയക്കുമരുന്നു മാഫിയ കേരളത്തില്‍ പിടിമുറുക്കി. 9 വര്‍ഷമായി ജനങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിനെ പുറത്താക്കണമെന്നത് ജനങ്ങളുടെ ആവശ്യമായി മാറിയെന്ന് വേണുഗോപാല്‍ പറഞ്ഞു.
ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താനും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഒരു വര്‍ഷം നീണ്ട പരിപാടിയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ഭരണഘടനയാണ് ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവുമൊക്കെ നമ്മുടെ അവകാശമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇത്തരം അവകാശങ്ങളില്ല. ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന നമ്മുടേതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
പെരുന്താന്നി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് അജിത് നായര്‍ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറിമാരായ അറിവഴകന്,പി.സി. വിഷ്ണുനാഥ്, കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.എസ് ബാബു,കെ പി ശ്രീകുമാർ, രാഷ്ട്രീയ കാര്യ സമിതി അംഗം വി എസ് ശിവകുമാര്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി,ശരത് ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, നെയ്യാറ്റിൻകര സനൽ,കെ.എസ്. ശബരിനാഥന്, പി.പത്മകുമാര്‍, സേവ്യര്‍ ലോപ്പസ്, എസ്.എം ഷാജി, എം എ പത്മകുമാര്‍, ചാക്ക രവി, വള്ളക്കടവ് നിസാം, ബി.എസ് അപനീന്ദ്രനാഥ്, തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം വടക്കും ഭാഗം ഡിവിഷനില്‍ വി.എം.സുധീരന്,ആലപ്പുഴ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, പത്തനംതിട്ട മുണ്ടകോട്ടയ്ക്കലില് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യന്, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,
എറണാകുളം കളമശ്ശേരിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
വയനാട് മേപ്പാടി പഞ്ചായത്തിലെ എഴാംഞ്ചിറയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്,പാലക്കാട് കണ്ണാടി പഞ്ചായത്തില്‍ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്,കോഴിക്കോട് മൊകവൂരില്‍ എം.കെ.രാഘവന് എംപി,
കണ്ണൂര്‍ വസന്തന് നഗര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്,
കാസര്‍ഗോഡ് പിലിക്കോട് കണ്ണംകൈ വാര്‍ഡില്‍ റിജില്‍ മാക്കുറ്റി എന്നിവര്‍ മഹാത്മാഗാന്ധി കുടുംബസംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഗാന്ധിയന്‍ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും നടപടികളും ജനങ്ങളിലെത്തിക്കാനും കോണ്‍ഗ്രസിന്റെ ബഹുജനപിന്തുണ വര്ധിപ്പിക്കുന്നതിനുമായിട്ടാണ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 മുതല്‍ വാര്‍ഡ് തലത്തില്‍ ഒരുമാസം നീണ്ടു നില്ക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.
പുതുതായി തിരഞ്ഞെടുക്കുന്ന 21900ലധികം വരുന്ന വാര്‍ഡ് കമ്മിറ്റികളിലെ പ്രസിഡന്റുമാരുടെ അധ്യക്ഷതയിലാണ് കുടുംബസംഗമങ്ങള്‍ നടത്തുക.ഫെബ്രുവരി 28ന് മുന്‍പായി കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയാക്കും.ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും മറ്റു പ്രധാന നേതാക്കള്‍ക്കുമാണ് ഓരോ വാര്‍ഡിലും നടക്കുന്ന കുടുംബസംഗമങ്ങളുടെ മേല്‍നോട്ടചുമതല.
യുഡിഎഫിന്റെ മലയോര സമര പ്രചരണ യാത്ര കടന്ന് പോകുന്നതിനാല്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ജനുവരി 31നും ഇടുക്കിയില്‍ ഫ്രെബ്രുവരി 1ന്ശേഷവും ജില്ലാതല ഉദ്ഘാടനം നടക്കും.
ഫെബ്രുവരി 28ന് മുന്‍പ് വിവിധ ദിവസങ്ങളിലായി നടക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍,എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസൂത്രണം ചെയ്ത ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് മഹാത്മാ ഗാന്ധി കുടുംബസംഗമങ്ങള്‍ക്ക് രൂപം നല്‍കിയത്.