തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് കാപ്പുകെട്ടോടെ തുടക്കമായി. കുംഭത്തിലെ കാര്‍ത്തിക നക്ഷത്രമായ ശനിയാഴ്ച രാവിലെ എട്ടിനാണ് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് നടന്നത്. കാപ്പുകെട്ടുന്ന വേളയില്‍ ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയ ഭക്തര്‍ ദേവീസ്തുതികള്‍ ഉരുവിട്ടു. അന്തരീക്ഷത്തില്‍ ആചാരവെടികള്‍ മുഴങ്ങി. 10 നാള് നീളുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി.
ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആദ്യദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. കണ്ണകിയുടെ വിവാഹ വര്‍ണനയാണ് രണ്ടാംദിവസം പാടുന്നത്. പഞ്ചലോഹത്തില്‍ നിര്‍മിച്ച രണ്ട് കാപ്പുകളാണ് കെട്ടുന്നത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്റെ കൈയിലും കെട്ടി.പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്.
ഉത്സവം കഴിയുന്നതുവരെ മേല്‍ശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തുടരും. 25ന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേല്‍ശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആറ്റുകാ ലിലേക്ക് ഭക്തജനപ്രവാഹം തുടങ്ങിയിരുന്നു. വിവിധ കരകളില്‍ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകള്‍ ശനിയാഴ്ച രാത്രിമുതല്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചുതുടങ്ങി.