തിരുവനന്തപുരം: കുംഭമാസം തുടങ്ങിയതേയുള്ളൂ. പക്ഷേ കേരളം ചുട്ടുപൊള്ളുകയാണ്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി. തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രിയോടടുത്തുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ ചൂട്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥാമാപിനികളിലെ കണക്കാണിത്. ഈ കണക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഔദ്യോഗിക രേഖകളിൽ ചേർക്കാറില്ലെങ്കിലും അവരുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്താറുണ്ട്
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഉയർന്ന താപനില; 37.9 ഡിഗ്രി. ചൂട് ഇനിയും കൂടുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും ചൂടുമായി ബന്ധപ്പെട്ട യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 3-4 ഡിഗ്രി വരെ ഉയർന്നേക്കാം. മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്നു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്നു വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദേശിച്ചിട്ടുണ്ട്.
കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വാട്ടർ ബെൽ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഇന്ന് രാവിലെ 10ന് തിരുവനന്തപുരം മണക്കാട് ഗവ. വൊക്കേഷണൽ ഗവ.എച്ച്എസ്എസിൽ നിർവഹിക്കും. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നതിന് എല്ലാ സ്കൂളുകളിലും രാവിലെ 10.30 നും ഉച്ചയ്ക്ക് 2.30നും ബെൽ അടിക്കും.