കൊച്ചി: വനിത സംരംഭത്തിന് 50 കോടി വായ്പ ശരിയാക്കിത്തരാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 30,19,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ.
തിരുവനന്തപുരം പുളിമാത്ത് സ്വദേശി സന്ധ്യയുടെ പരാതിയിൽ ആലുവ വെസ്റ്റ് പോഞ്ഞാശ്ശേരി പി.ഒ കരയിക്കോടത്ത് അനീഷ് (33), ആലുവ കരുമാല്ലൂർ വെസ്റ്റ് വെളിയത്തുനാട് തണ്ടിരിക്കൽ ജങ്ഷൻ കിടങ്ങാപ്പിള്ളിൽ റിയാസ് (48) എന്നിവരെയാണ് സെൻട്രൽ പൊലീസ് പിടികൂടിയത്.
വായ്പ തരപ്പെടുത്താൻ കരാർപ്രകാരം സെയിൽസ് ഡീഡ് രജിസ്റ്റർ ചെയ്യാൻ ട്രഷറിയിൽ അടക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് ജനുവരി അഞ്ചിന് സന്ധ്യയിൽനിന്ന് പണം വാങ്ങിയത്.
അന്വേഷണത്തിൽ പ്രതികൾ ആലുവ വെളിയത്തുനാട് ഭാഗത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ മേൽനോട്ടത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് പ്രതികളെ അനേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.