തിരുവനന്തപുരം: മലയോരത്തിന്റെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ യുഡിഎഫ് മലയോര സംരക്ഷണ ജാഥയ്ക്ക് തിരുവനന്തപുരം അമ്പൂരിയില്‍ ഉജ്ജ്വല സമാപനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിച്ച ജാഥയില്‍ വന്യജീവി ആക്രമണങ്ങളില്‍ വലയുന്ന മലയോര ജനതയുടെ ദൈന്യത ഉടനീളം പരാതികളായി ഉയര്‍ന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലാണ് മലയോര ജനത ജാഥാ നേതാക്കളോട് ആവശ്യപ്പെട്ടത്. ഇന്നലെ അമ്പൂരിയിലെ സമാപന വേദിയില്‍ മലയോര ജനതയുടെ സങ്കടങ്ങള്‍ ഭരണകൂടത്തെ അറിയിക്കുമെന്ന ഉറപ്പും പ്രതിപക്ഷ നേതാവ് നല്‍കി.
കര്‍ഷക ദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ കര്‍ഷകര്‍ തന്നെ രംഗത്തിറങ്ങുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി സമാപന സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് വട്ടാ തുടര്‍ച്ചയായി ഭരിച്ചിട്ടും എല്‍ഡിഎഫ് സര്‍ക്കാരിന് മനുഷ്യ- വന്യമൃഗ സംഘര്‍ഷം പരിഹരിക്കാനായില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിലകൊള്ളും- ദീപ ദാസ് മുന്‍ഷി വ്യക്തമാക്കി. മലയോര മേഖലയിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും വേദനകളും ഹൃദയത്തിലേറ്റിയാണ് കരുവഞ്ചാലില്‍ നിന്നും ആരംഭിച്ച മലയോര സമര യാത്ര അമ്പൂരിയില്‍ അവസാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. . ഇന്നലെ രാവിലെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച ജാഥ പാലോടും അമ്പൂരിയിലുമായിരുന്നു സ്വീകരണങ്ങള്‍. പാലോട് നടന്ന സ്വീകരണം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലയോര സമര യാത്രയുടെ സമാപന സമ്മേളനത്തിന് അമ്പൂരിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കാളിത്തം വഹിച്ചത്.
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, പി.എം.എ സലാം, എന്‍.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, മോന്‍സ് ജോസഫ്, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.സി.വിഷ്ണുനാഥ്, ഷാനി മോള്‍ ഉസ്മാന്‍, വി.എസ്.ശിവകുമാര്‍, അന്‍വര്‍ സാദത്ത്, എം.വിന്‍സെന്റ്, ജി.സുബോധന്‍, സന്ദീപ് വാര്യര്‍, പാലോട് രവി, കൊട്ടാരക്കര പൊന്നച്ചന്‍, പി.കെ.വേണുഗോപാല്‍, ബീമാപള്ളി റഷീദ്, എ.ടി ജോര്‍ജ് വര്‍ക്കല കാഹര്‍, നെയ്യാറ്റിന്‍കര സനല്‍, കെ.ദസ്തഗീര്‍, മലയിന്‍കീഴ് നന്ദകുമാര്‍, അഡ്വ ഗിരിഷ്‌കുമാര്‍, സോമന്‍കുട്ടി നായര്‍, വില്‍ഫ്രെഡ് രാജ്, ഡോ.ആര്‍.വത്സലന്‍, കൊറ്റാമം വിനോദ, പനച്ചമൂട് ഹുസൈന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.