Sunday, February 23, 2025

HomeNewsKeralaതൊഴിൽ പീഡനം, മാനസിക സമ്മർദം’; കാൻസർ രോഗിയായ കയർ ബോർഡ് ജീവനക്കാരി മരിച്ച സംഭവത്തില്‍ കുടുംബം...

തൊഴിൽ പീഡനം, മാനസിക സമ്മർദം’; കാൻസർ രോഗിയായ കയർ ബോർഡ് ജീവനക്കാരി മരിച്ച സംഭവത്തില്‍ കുടുംബം പരാതി നല്‍കി

spot_img
spot_img

കൊച്ചി: തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തിന് ഇരയായ കയർ ബോർഡ‍് ഉദ്യോഗസ്ഥ മരിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ കൊച്ചി ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്‌ഷൻ ഓഫിസർ വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനുവരി 31നു തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നു ചികിത്സയിലായിരുന്നു. മുൻ സെക്രട്ടറി അടക്കമുള്ളവരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു കാൻസർ രോഗി കൂടിയായ ജോളി മധുവെന്നു കുടുംബം ആരോപിച്ചു.

കയർ ബോർഡ് ചെയർമാൻ, മുൻ സെക്രട്ടറി ഉൾപ്പെടെയുള്ളർക്ക് എതിരെയാണു കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. ബോർഡിൽ നടന്ന അഴിമതിയെ കുറിച്ചു റിപ്പോർട്ട് ചെയ്ത ജോളിയോട് മേലുദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും കാൻസർ രോഗിയെന്ന പരിഗണനപോലും നൽകാതെ അകാരണമായി സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. കയർ ബോർഡ് സെക്രട്ടറിക്കും എംഎസ്എംഇ മന്ത്രാലയത്തിനുമാണു കുടുംബം പരാതി നൽകിയിരിക്കുന്നത്. കയർ ബോർഡിൽ 30 വർഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാൻ 3 വർഷം മാത്രമാണു ബാക്കിയുണ്ടായിരുന്നത്.

മുന്‍ സെക്രട്ടറിയെ ആ പദവിയിൽനിന്നു മാറ്റിയതിനു പിന്നിൽ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം എന്നാണു സഹപ്രവർത്തകർ നൽകുന്ന വിവരം. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണു മേലുദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അർഹിച്ച ഡപ്യൂട്ടി ഡയറക്ടർ പദവി നിഷേധിച്ചെന്നും കുടുംബം പറയുന്നു.

ഇതിനിടെയാണു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലേക്ക് ജോളിയെ സ്ഥലം മാറ്റിയത്. കാൻസർ രോഗിയായതിനാലും വളരെ കുറഞ്ഞ വർഷങ്ങൾ മാത്രമേ സർവീസിൽ ബാക്കിയുള്ളൂ എന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കൽ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. 5 മാസത്തെ ശമ്പളവും വിവിധ കാരണങ്ങളുടെ പേരിൽ തടഞ്ഞു വയ്ക്കപ്പെട്ടു. ഒടുവിൽ തന്റെ പേരിൽ വിജിലൻസ് കേസും എടുക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് ജോളി തളർന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments