കൊച്ചി: കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജോളിയുടെ കുടുംബം.
എംഎസ്എഇ മന്ത്രാലയമാണ് ജോളിയുടെ കുടുംബത്തിന്റെ ആക്ഷേപത്തില്‍ വ്യക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ എംഎസ്എംഇ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് കയര്‍ ബോര്‍ഡ് ജീവനക്കാരിയായ ജോളി മധു മരിച്ചത്.
ജോളി കാന്‍സര്‍ അതിജീവിതയാണ്. അത് പരിഗണിക്കാതെയാണ് തൊഴിലിടത്തില്‍ അതീവ മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവന്നതെന്ന് സഹോദരന്‍ പറഞ്ഞു. അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്നതിനാല്‍ കൊച്ചിയില്‍നിന്ന് ഹൈദരാബാദിലേക്ക് പ്രമോഷന്‍ നല്‍കാതെ ജോളിയെ സ്ഥലംമാറ്റി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ആര്‍ക്കെതിരെയാണോ പരാതിനല്‍കിയത് അവരില്‍നിന്ന് വീണ്ടും ഭീഷണികള്‍ നേരിടേണ്ടിവന്നു.
കയര്‍ ബോര്‍ഡ് മുന്‍ സെക്രട്ടറി, മുന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇരുവരും ഒപ്പിട്ട് നല്‍കാനായി ജോളിയെ ഏല്‍പിച്ച ഫയലുകളില്‍ പലതിലും ജോളി ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അതുകാരണം ജോളിയെ മാനസികമായി ഉപദ്രവിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.
ജോളിയുടെ പ്രമോഷനും മനഃപൂര്‍വം തടസ്സപ്പെടുത്തിയിരുന്നു. അതെല്ലാം അതിജീവിച്ചാണ് സെക്ഷന്‍ ഓഫീസര്‍വരെ ആയത്. പിന്നീടും മാനസികപീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.