കുളത്തൂപ്പുഴ (Kulathupuzha) എസ്റ്റേറ്റിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി തൊഴിലാളി നേതാക്കൾ. എസ്റ്റേറ്റിൽ മുൻപും നിരവധി തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തീ പിടിക്കാൻ ഉണ്ടായ സാഹചര്യം ഇതുവരെയും റിപ്പോർട്ട് ആക്കി ഗവൺമെൻ്റിന് അധികൃതർ സമർപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു. സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമാണ് കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലെ കണ്ടൻചിറയിൽ സംഭവിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ തീപിടുത്തം 10 മണിക്കൂറോളം നീണ്ടുനിന്നു. പുതിയ തൈകൾ നടുന്നതിനായി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് ആദ്യം തീ കണ്ടത്. പിന്നീട് നിമിഷനേരം കൊണ്ട് എസ്റ്റേറ്റിൽ ആകെ തീ വ്യാപിക്കുകയായിരുന്നു.
ഏകദേശം 300 ഹെക്ടറോളം കത്തി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. തീപിടുത്തത്തിൽ ഫാമിന് കോടികളുടെ നഷ്‌ടം സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പാകുന്നതിനായി വാങ്ങി വെച്ചിരുന്ന തൈകൾ ഉൾപ്പെടെ കത്തി നശിച്ചു. നൂറു കണക്കിന് എണ്ണപ്പനകൾ കത്തിയ കൂട്ടത്തിലുണ്ട്. മുൻപും കണ്ടൻചിറ ഭാഗത്ത് തീപിടുത്തം ഉണ്ടാവുകയും എണ്ണപ്പനകൾ കത്തി നശിക്കുകയും ചെയ്തിരുന്നു.
ഓരോ വർഷവും ഇത്തരത്തിൽ തീപിടുത്തം ഉണ്ടാകുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
തീ പിടിക്കാനുണ്ടായ സാഹചര്യം നിലവിലില്ലെന്ന് അധികൃതർ പറയുമ്പോഴും തീ പടർന്നുപിടിച്ച് കോടികളുടെ നഷ്ടം ഉണ്ടായ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണം എന്ന ആവശ്യവും ഉയരുന്നു.
ഓയിൽ ഫാം എസ്റ്റേറ്റിനുള്ളിൽ നിന്നും ഔഷധ സസ്യങ്ങൾ പറിക്കാൻ ആളുകൾ എത്താറുണ്ട്. അതുപോലെതന്നെ തീറ്റുന്നതിനായി അഴിച്ചുവിടുന്ന വളർത്തുമൃഗങ്ങൾ വ്യാപകമായി വേട്ടയാടപ്പെടുന്നുമുണ്ട്.
കിലോമീറ്ററുകളോളം വിജനമായി കിടക്കുന്ന തോട്ടത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്.
തീപിടുത്തം ഉണ്ടായ സ്ഥലം ഓയിൽ ഫാം ചെയർമാൻ ആർ. രാജേന്ദ്രൻ, എം.ഡി . ജൂൺ സെബാസ്റ്റ്യൻ, ബോർഡ് മെമ്പർ സി. അജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.
സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പോലീസിൽ പരാതി നൽകും. സമഗ്ര അന്വേഷണം നടത്തി, തീ പിടിക്കാനുണ്ടായ സാഹചര്യം കൃത്യമായി മനസ്സിലാക്കി നടപടി സ്വീകരിക്കും. ആരെങ്കിലും തീയിട്ടതാണെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അംഗങ്ങൾ അറിയിച്ചു
തീപിടിത്തമുണ്ടായ സാഹചര്യത്തിൽ ഫയർഫോഴ്സിന്റെ പുനലൂരിൽ നിന്നുള്ള യൂണിറ്റാണ് കിലോമീറ്ററുകളോളം ദൂരം ഓടിയെത്തിയത്. കഠിനമായ വരൾച്ച കണക്കിലെടുത്ത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ, തെന്മല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് ഫയർഫോഴ്സിന്റെ സേവനം ഉറപ്പുവരുത്തണമെന്ന് ആവശ്യവും ശക്തമാകുന്നു.