തിരുവനന്തപുരം: വയനാട് ചൂരല്‍മല, മുണ്ടകൈ എന്നിവിടങ്ങളിലെ പുനരധിവാസത്തിന് പലിശ രഹിത വായ്‌നല്‍കി കുരുക്കിട്ട കേന്ദ്ര ഉപാധി മറി കടക്കാന്‍ വഴി തേടി സര്‍ക്കാര്‍. ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയില്‍ തീരുമാനമാക്കി മാര്‍ച്ചില്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് ധാരണ. ഇന്നലെ മുഖ്യമ്രന്തിയ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് അടിയന്തിര നടപടികളിലേക്ക് പോകാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിക്കും പുറമേ ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് മെമ്പര്‍ സെക്രട്ടറി, പുനര്‍ നിമാണ പദ്ധതികളുടെ നിര്‍വഹണ ചുമതലയുള്ള വകുപ്പുകളുടെ സെക്രട്ടറിമാരായ പൊതുമരാമത്ത്, റവന്യു, ജല വിഭവം, പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
എല്‍സ്‌റ്റോണ്‍ നെടുമ്പാല എസ്‌റ്റേറ്റുകളിലായി ടൗണ്‍ഷിപ്പിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുനരധിവാസത്തിന് തയാറാക്കുന്ന ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രം 529.50 കോടി രൂപ 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ അനുവദിച്ചിട്ടുള്ളത്.നേരത്തെ ധനം, റവന്യു ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ധാരണയില്‍ എത്തിയ വഴികളാണ് ഇന്നലെ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. കേന്ദ്രം നിര്‍ദേശിച്ച തീയതിക്കുള്ളില്‍ ഓരോ പ്രവൃത്തിക്കുമുള്ള തുക ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറുകയും തുടര്‍ന്ന് പ്രവൃത്തികള്‍ നടത്തുന്ന ഏജന്‍സികള്‍ക്ക് ഡിപ്പോസിറ്റ് വര്‍ക് ആയി തുക നല്‍കുക. ഇങ്ങനെ കൈമാറുമ്പോള്‍ തുക ചിലവഴിച്ചതായി കണക്കാക്കാനായേക്കും. 16 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഏറക്കുറെ തയാറായതിനാല്‍ പണി തുടങ്ങാന്‍ കാലതാമസം ഉണ്ടാകില്ലെന്നു സെക്രട്ടറിമാര്‍ പറഞ്ഞു.
അതേസമയം, ഫണ്ട് ഇടനില ഏജന്‍സികള്‍ക്കു കൈമാറിയ ശേഷം ഗുണഭോക്താവ് കൈപ്പറ്റാത്ത സാഹചര്യം (ഫണ്ട് പാര്‍ക്ക് ചെയ്യുന്ന രീതി) അനുവദിക്കില്ലെന്നു കേന്ദ്ര നിബന്ധനയിലുള്ളതിനാല്‍ ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണം. ഫണ്ട് ചിലവഴിക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സാവകാശം തേടുക എന്ന വഴിയും ചര്‍ച്ച ചെയ്തു. ചിലവഴിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമെ മുന്നിലുള്ളു എന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ പദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിര്‍മാണ പ്രവൃത്തികളുടെ രൂപരേഖ തയാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാന്‍ എത്ര മാസം കൂടി വേണമെന്ന് പ്രത്യേകം റിപ്പോര്‍ട്ട് തയാറാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് വച്ച് വായ്പാ തുക വിനിയോഗത്തില്‍ കേന്ദ്രത്തോട് സാവകാശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. സാവകാശം കിട്ടുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാരെങ്കിലും ഇതില്‍ കേന്ദ്രം വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ നിയമ മാര്‍ഗം തേടുന്നത് സംബന്ധിച്ചും ചര്‍ച്ചയായി. പുനരധിവാസത്തിനായി 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതു സംബന്ധിച്ച കേസ് ഹൈക്കോടതിയിലുണ്ട്. കേന്ദ്ര സഹായത്തിനു പകരം വായ്പയാണു ലഭിച്ചതെന്ന വാദം ഉയര്‍ത്തി കോടതിയെ വീണ്ടും സമീപിക്കാനായേക്കുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.