അടൂര്‍: ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ തട്ടിപ്പു നടത്തിയെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നു. അതും പി.എസ്.സിയില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യയുടെ സ്വാധീനത്തില്‍ ജോലി സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത് എന്നാണ് അടൂര്‍ കരുവാറ്റ സ്വദേശി ബിജി ടി വര്‍ഗീസ് എന്ന വീട്ടമ്മയുടെ പരാതി. കൊട്ടാരക്കര പുത്തൂര്‍ മാറനാട് മാര്‍ ബസോമ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജോയ് സി.പിക്കെതിരെ അടൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പി.എസ്.സിയില്‍ ജോലി ചെയ്യുന്ന വൈദികന്റെ ഭാര്യ ജസ്മിന്‍ മാത്യൂവിന്റെ സ്വാധീനത്തില്‍ പരാതിക്കാരിയുടെ എംടെക് ബിരുദധാരിയായ മകള്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ 2021ല്‍ മൂന്ന് തവണയായി 11 ലക്ഷം രൂപ വാങ്ങിയത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വികാരി പല ഒഴികഴിവുകള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ 2023 ജൂലൈയില്‍ പ്രതി 11 ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാരിക്ക് നല്കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ഇത് മടങ്ങുകയും ചെയ്തു.
വൈദികനും ഭാര്യയും ചേര്‍ന്ന് നടത്തിയ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എഴുകോണ്‍ പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. വിജയകുമാര്‍ മുഖാന്തിരം കേസ് ഫയല്‍ ചെയ്തു. സമന്‍സ് പലവട്ടം നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 22ന് കോടതി വാറന്റ് പുറപ്പെടുവിച്ചതായി അഡ്വ. വിജയകുമാര്‍ പറഞ്ഞു.
വൈദികന്‍ നടത്തിയ വിശ്വാസ വഞ്ചനയെക്കുറിച്ച് ഓര്‍ത്തഡോക്‌സ് സഭാ തലവനായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് പരാതി നല്കിയിട്ടും വൈദികനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബിജി ടി.വര്‍ഗീസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും കണ്‍വന്‍ഷന്‍ പ്രാസംഗികനുമാണ് പ്രതിസ്ഥാനത്തുള്ള ഫാ. ബിജോയ് സി.പി.