ഈരാറ്റുപേട്ട: മുസ്ലീങ്ങളെ അവഹേളിച്ച കേസില്‍ പി.സി ജോര്‍ജ് ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. തിങ്കളാഴ്ച ഹാജാരാകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ അറിയിച്ചു. ഫോണ്‍ വഴിയാണ് അറിയിച്ചത്. തിങ്കളാഴ്ച ഹാജരാകേണ്ട സമയം ആവശ്യപ്പെട്ട് പോലീസിന് അപേക്ഷ നല്‍കി.
പി.സി ജോര്‍ജിന്റെ അറസ്റ്റിലേക്ക് പോലീസ് നീങ്ങുന്നതിനിടെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയത്. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് ഇന്ന് രണ്ടുതവണ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു. പി.സി ജോര്‍ജ് വീട്ടില്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. പി.സി ജോര്‍ജ് തിരുവനന്തപുരത്താണെന്നാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്. അതിനിടെ പി.സി ജോര്‍ജിന്റെജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ ജനുവരി 6-ന് ജനം ‘ടിവി’യില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് പി.സി ജോര്‍ജ് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ”ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്താനിലേക്കു പോകണം…” എന്നാണ് പി.സി ചര്‍ച്ചയില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പൂഞ്ഞാറില്‍ മുസ്ലീം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി.സി ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് പി.സിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. നാലാം തവണയാണ് പി.സി ജോര്‍ജ് മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലും പാലാരിവട്ടം സ്റ്റേഷനിലുമുള്ള സമാന കേസുകളില്‍ പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. സ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
രാഷ്ട്രീയനേതാവ് സമൂഹത്തിന്റെ റോള്‍മോഡലാകണം. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സാമനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പി.സി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.