തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍. ഇപ്പോള്‍ അനുവദിച്ചത് ചെയ്ത ജോലിയുടെ കൂലിയാണ്. കുടിശ്ശിക തന്ന് തീര്‍ക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്. 232 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങള്‍ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍.
എല്ലാതവണയും സമരം ചെയ്യുമ്പോഴാണ് കുടിശ്ശിക അനുവദിക്കുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു. മന്ത്രിക്ക് ശമ്പളം കിട്ടുമ്പോള്‍ ആശ വര്‍ക്കര്‍മാര്‍ക്കും വേതനം കിട്ടുന്നോ എന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. സമരം ചെയ്യുന്ന തുശ്ചമായ ആശ വര്‍ക്കര്‍മാരാണെന്ന മന്ത്രിയുടെ പ്രസ്താവനയേയും സമരക്കാര്‍ തള്ളി. പിന്നെ എന്തിനാണ് സമരം ചെയ്യുന്നവരെ പുറത്താക്കുമെന്ന് പറയുന്നതെന്നും എസ്.മിനി ചോദിച്ചു. 50 ശതമാനത്തിലധികം ആശമാരും സമരത്തിലാണ്.
ഇപ്പോള്‍ സി.പി.എമ്മുകാര്‍ ആശ വര്‍ക്കര്‍മാരുടെ വീടുകള്‍ കയറി ഭീഷണി മുഴക്കുകയാണ്. കൂടാതെ ഭരണമുള്ള പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ ആശ വര്‍ക്കര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തും ഭീഷണിമുഴുക്കുന്നുണ്ട്. ഇതിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് അയച്ച വക്കീല്‍ നോട്ടിസിനു സമരസമിതി മറുപടി നല്‍കി. മാപ്പു പറയാനില്ലെന്നും നിയമനടപടി നേരിടുമെന്നും സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത് അംഗീകരിക്കാനാവില്ലെന്നും സമരസമിതി അറിയിച്ചു. സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ കൈയില്‍ ആയുധം കൊടുക്കരുത്. പിന്തുണയുടെ പേരില്‍ അക്രമത്തെ അംഗീകരിക്കില്ലെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.