മലപ്പുറം: മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്‍റേതാണ് തീരുമനം.
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങള്‍.
ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സാദിഖലി തങ്ങള്‍ക്കായിരുന്നു താല്കാലിക ചുമതല. നിലവില്‍ പാണക്കാട് കുടുംബത്തിലെ മുതിര്‍ന്ന അംഗവും ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.
പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകുന്ന നാലാമത്തെ വ്യക്തിയാണ് സാദിഖലി തങ്ങള്‍. 1973ല്‍ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തിന് പിന്നാലെയാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ആദ്യ സംസ്ഥാന അധ്യക്ഷനാകുന്നത്.
പൂക്കോയ തങ്ങളുടെ നാലാമത്തെ മകനായി 1964 മെയ് 25നാണ് സാദിഖലി തങ്ങളുടെ ജനനം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെക്കപ്പെട്ട വേളയിലാണ് 2009 ഒക്ടബോര്‍ 10ന് മലപ്പുറം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റത്.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചു.
കുടുംബം: മാതാവ്: ഖദീജ ഇമ്പിച്ചി ബീവി. ഭാര്യ സയ്യിദത്ത് സുല്‍ഫത്ത്, മക്കള്‍: സയ്യിദ് അസീലലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീനലി ശിഹാബ് തങ്ങള്‍, സയ്യിദ് യാമിനലി ശിഹാബ് തങ്ങള്‍.
അതിനിടെ ഹൈദരലി ശിഹാബ് തങ്ങളുടെ അനുസമരണ യോഗം ഇന്ന് വൈകിട്ട് 4.30ന് മലപ്പുറം ടൗണ്‍ഹാളില്‍ ചേരുമെന്ന് നേതൃത്വം അറിയിച്ചു