ചങ്ങനാശേരി :സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപത. പദ്ധതിയുടെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
പദ്ധതി പ്രദേശങ്ങളിലെ മതസമുദായ നേതാക്കളുടെ സന്ദര്‍ശനത്തെ രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ‘കെ റെയില്‍: ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്’ എന്ന തലക്കെട്ടില്‍ ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ബലപ്രയോഗത്തിലൂടെ അവരെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. സില്‍വര്‍ ലൈന്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും അവ ഗൗനിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മതസമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നും സംശയമുണ്ട് .
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനെ ദുര്‍വ്യാഖ്യാനിച്ച് വിമോചന സമരമെന്ന് പരിഹസിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കാനാണ്. പ്രശ്‌നം രാഷ്ട്രീയ വിഷയമാക്കി രാഷ്ട്രീയ വികാരം ഊതിക്കത്തിച്ച് കലഹ വേദിയാക്കരുത്. പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്താന്‍ എല്ലാവരും ഒരുമിക്കണമെന്ന് ആർച് ബിഷപ്പ് വ്യക്തമാക്കി.
സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ വിശ്വാസ്യത തോന്നാത്തത് മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പറഞ്ഞ അദ്ദേഹം ഹൈറേഞ്ചിലേക്ക് കുടിയേറാന്‍ പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ തന്നെ കര്‍ഷകരെ കുടിയിറക്കുന്നതും, മൂലമ്പള്ളി കുടിയിറക്കവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
കെ റെയില്‍ പ്രശ്‌നം സര്‍ക്കാര്‍ സംയമനത്തോടെ കൈകാര്യം ചെയ്യണം. ജനാധിപത്യ സംവിധാനത്തില്‍ ന്യായമായി പ്രതിഷേധിക്കുവാന്‍ ജനങ്ങള്‍ക്ക്് അവകാശമുണ്ട്. അവര്‍ക്കെതിരെ കേസെടുക്കരുത്. പദ്ധതിക്ക് സാധാരണക്കാരായ ആളുകളാണ് ഇരകളാകുന്നത്. അവരില്‍ എല്ലാതരം വിഭാഗക്കാരുമുണ്ട്. അതിനാല്‍ ഒരു പൊതുജനപ്രശ്‌നം എന്ന നിലയില്‍ ഗൗരവമായി കണ്ട് സമാധാനന്തരീക്ഷം നിലനിര്‍ത്താനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. അതാണ് ജനാധിപത്യ മര്യാദയെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.