ഇടുക്കി: ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്നുള്ള സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി.
പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത നിയോജകമണ്ഡലത്തില്‍ നിന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിര് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി. കുമാര്‍ നല്കിയ ഹരജിയിലാണ് വിധി.
ഇതേസമയം ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നാളെ തന്നെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവെത്തിയത്. ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്ന് എം എല്‍ എ ആയി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി
ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും ജ്ഞാനസ്നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നും ഹരജിയില്‍ കൂടിക്കാട്ടിയിരുന്നു.
രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. അമ്മയുടെ ശവസംസ്കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവെച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മത്സരിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം.
ജാതി വ്യക്തമാക്കുന്ന രേഖകള്‍ സി.എസ്.ഐ കൊച്ചി മഹായിടവക ബിഷപ്പില്‍ നിന്നടക്കം കോടതി വരുത്തി പരിശോധിച്ചിരുന്നു. സി.എസ്.ഐ സഭയുടെ പക്കലുള്ള ഫാമിലി രജിസ്റ്റര്‍, മാമോദിസ രജിസ്റ്റര്‍, ശവസംസ്കാരം സംബന്ധിച്ച രജിസ്റ്റര്‍ എന്നിവ പരിശോധിച്ചിരുന്നു. ദേവികുളത്ത് 7848 വോട്ടിനാണ് രാജ വിജയിച്ചത്. സത്യം തെളിഞ്ഞെന്ന് ദേവികുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. കുമാര്‍ പ്രതികരിച്ചു.