തിരുവനന്തപുരം: പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് നിയമസഭയിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് സ്പീക്കർ എഎൻ ഷംസീർ. പ്രസ്താവന അനുചിതമായിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി. ഇത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. ബ്രഹ്മപുരം അടക്കമുളള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎൽഎമാരെ കുറിച്ച് സ്പീക്കർ വിവാദ പരാമർശം നടത്തിയത്.
പരാമര്‍ശം അനുചിതമായിപ്പോയി. പരാമര്‍ശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ബോധപൂര്‍വമല്ലാതെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു. ഷംസീര്‍ വ്യക്തമാക്കി.
ഈ മാസം 14,15 തീയതികളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പുകളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമല്ല സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസില്‍ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടില്ല. മുന്‍ഗാമികളുടെ മാതൃക പിന്തുടര്‍ന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തതെന്നും ഷംസീര്‍ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. പാര്‍ലമെന്ററി മര്യാദകള്‍ ഇരുപക്ഷവും പാലിക്കണം. പ്രതിപക്ഷം നിയമസഭയ്ക്കുള്ളില്‍ സമാന്തര സമ്മേളനം ചേര്‍ന്നതും അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതും ഗുരുതരമായ വീഴ്ചയാണ്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. എംഎല്‍എമാര്‍ക്കെതിരായ കേസില്‍ തുടര്‍നടപടി പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഷംസീര്‍ പറഞ്ഞു.