തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ലീഡര്‍ കെ. കരുണാകരന്റെ പുത്രി പത്മജ വേണുഗോപാലിനെ തുടര്‍ന്ന് ഇന്ന് പത്മിനി തോമസും തമ്പാനൂര്‍ സതീഷും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും പാര്‍ട്ടി ഓഫിസിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അടുത്തിടെ കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു പത്മിനി തോമസ്. പത്മിനി തോമസിന്റെ മകനും ബിജെപിയില്‍ അംഗത്വമെടുക്കും. ഇവര്‍ക്കു പുറമെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കും.
പാര്‍ട്ടിയില്‍ പുനഃസംഘടന നടന്നപ്പോഴൊക്കെ താന്‍ തഴയപ്പെട്ടതായി തമ്പാനൂര്‍ സതീഷ് ആരോപിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രട്ടറിമാരുടെ ലിസ്റ്റിലും പേരില്ലാത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാര്‍ട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂര്‍ത്തടിക്കുകയാണ്. ഫണ്ട് എന്തിനു വിനിയോഗിക്കുന്നു എന്നുപോലും ആര്‍ക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു.
ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി ഭാരവാഹിത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായാണ് വിവരം. ഇടതു പാര്‍ട്ടികളില്‍നിന്നും നേതാക്കള്‍ ബിജെപിയിലെത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.