ദുബായ് : പുതിയ ജോലി ലഭിച്ച് സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി സുഹൃത്തുക്കളും സഹോദരനും പൊലീസില്‍ പരാതിപ്പെട്ടു. അല്‍ വര്‍ഖയില്‍ താമസിച്ചിരുന്ന വയനാട് അച്ചൂര് സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്സലി(27) നെയാണ് മാര്‍ച്ച് രണ്ട് മുതല്‍ ദുബായില്‍ നിന്ന് കാണാതായത്.
നേരത്തെ ദുബായില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന അഫ് സല് കുറച്ചുനാള്‍ നാട്ടില്‍ നിന്ന ശേഷം ഫെബ്രുവരി 26നാണ് അല്‍ വര്‍ഖയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ വേണ്ടി തിരിച്ചെത്തിയത്.
മുന്‍പ് നാട്ടില്‍ പോയപ്പോള്‍ സുഹൃത്തിനെ ഏല്പിച്ച മൊബൈല്‍ ഫോണ്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയില്‍ നിന്ന് സഹോദരന് ഫോണ്‍ വിളിച്ചപ്പോഴും സ്വിച്ഡ് ഓഫായിരുന്നു.