തൃശൂര്‍: പാർട്ടി ഓഫീസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന് സുജിത്ത് (28) ആണ് മരിച്ചത്. സിപിഎം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയിലാണ് സുജിത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡന്റാണ്.
പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് വിവരം. കൈയില്‍ കയര്‍ കരുതിയിരുന്നു. സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോൾ സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മ: സുജാത, ഭാര്യ: ആതിര, സഹോദരി: സുരഭി. സംസ്കാരം ബുധനാഴ്ച.