തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട അനുജന്‍ അഫ്സാനെയാണ് ഏറ്റവും ഒടുവില്‍ കൊലപ്പെടുത്തിയത്. അമ്മ ഉള്‍പ്പെടെ മറ്റെല്ലാവരെയും കൊലപ്പെടുത്തിയെന്ന് അറിയിച്ച ശേഷമാണ് കുഞ്ഞനുജന്‍ അഫ്സാനെ വകവരുത്തിയതെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കി.
സ്‌കൂള്‍ വിട്ടുവന്ന അഫ്സാനോട് അവന് ഏറെ പ്രിയപ്പെട്ട കുഴിമന്തി വാങ്ങിക്കൊണ്ട് വരുവാന്‍ ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോറിക്ഷയും ഏര്‍പ്പാടാക്കി. മടങ്ങിയെത്തിയ അഫ്സാനോട് മുന്‍വശത്തെ വാതില്‍പ്പടിയില്‍ വച്ചുതന്നെ എല്ലാവരെയും വകവരുത്തിയെന്ന് പറഞ്ഞു. ഇതുകേട്ട് നിലവിളിച്ച അഫ്സാനെ അവിടെ വച്ചുതന്നെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ അഫ്സാന്റെ ശരീരത്തിലേക്ക് കൈവശമുണ്ടായിരുന്ന നോട്ടുകള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് വസ്ത്രം മാറി, മദ്യപിച്ചിരുന്നതിനാല്‍ ഓട്ടോയില്‍ നേരെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു എന്നാണ് അഫാന്‍ മൊഴി നല്‍കിയിരിക്കുന്നത്.
അനുജനെയും കാമുകി ഫര്‍സാനയെയും കൊന്നത് സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നുവെന്നാണ് അഫാന്റെ മൊഴി. അമ്മയെയും അമ്മൂമ്മയെയും ഉള്‍പ്പെടെ കൊന്ന വിവരം ഫര്‍സാനയോട് പറഞ്ഞെന്നും ഇതു കേട്ട് ഞെട്ടിയ ഫര്‍സാന, ഇനി എങ്ങനെ നമ്മള്‍ ജീവിക്കുമെന്ന് ചോദിച്ചു. ഉടനെ കൈവശമുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് അഫാന്‍ നേരത്തെ പോലീസിനോട് പറഞ്ഞത് എന്നാണ് വിവരം.
അമ്മയുടെ അടുത്ത രണ്ട് ബന്ധുക്കളെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് അഫാന്റെ മൊഴി. പണം കടം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നും അവര്‍ മോശമായി സംസാരിച്ചതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. ഇവരോട് അഞ്ച് ലക്ഷം രൂപയായിരുന്നു കടം ചോദിച്ചിരുന്നത്. അനുജന്‍ അഫ്സാനെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയില്‍ ചെന്ന് ഇരുവരെയും കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ കുഞ്ഞനുജനെ കൊലപ്പെടുത്തിയതോടെ മനോവീര്യം നഷ്ടമായതായാണ് അഫാന്റെ വെളിപ്പെടുത്തല്‍.