തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 46 റോഡുകളുടെ നവീകരണത്തിന് 156.61 കോടി രൂപയുടെ ഭരണാനുമതിയായതായി പൊതുമരാമത്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലായി രണ്ടു റോഡുകൾക്ക് 9.42 കോടി രൂപയും കൊല്ലം ജില്ലയിൽ കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയിൽ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി 8 കോടി രൂപയും പാലക്കാട് ജില്ലയിൽ മലമ്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകൾക്ക് 17.5 കോടി രൂപയ്ക്കും ഭരണാനുമതിയായി.മലപ്പുറം ജില്ലയിൽ താനൂർ, തവനൂർ, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴു റോഡുകൾക്കാണ് ഭരണാനുമതി ആയത്.
22.5 കോടി രൂപയുടെ പ്രവൃത്തിയാണ് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ബേപ്പൂർ, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകൾ നവീകരിക്കുന്നതിന് 38.75 കോടി രൂപയ്ക്കും ഭരണാനുമതിയായിട്ടുണ്ട്. വയനാട് മാനന്തവാടിയിലെ ഒരു റോഡിന് അഞ്ചു കോടി രൂപയ്ക്കാണ് അനുമതി. കണ്ണൂരിൽ പയ്യന്നൂർ, കല്യാശ്ശേരി, ധർമടം, തളിപ്പറമ്പ, മട്ടന്നൂർ, പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിലെ എട്ട് റോഡുകൾക്കുവേണ്ടി 27.8 കോടി രൂപയ്ക്കും കാസർകോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നാലു റോഡുകൾക്കായി 14.1 കോടി രൂപയ്ക്കും ഭരണാനുമതി ആയിട്ടുണ്ട്.
കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 383 കോടി രൂപയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതിയായിരുന്നു. ഇതിനു പുറമേയാണ് കൂടുതല്‍ റോഡുകള്‍ നവീകരിക്കുന്നതിനും ആധുനിക രീതിയില്‍ പുതുക്കിപ്പണിയുന്നതിനുമായി 156 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.